ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലിസ് ബലംപ്രയോഗിച്ച് നീക്കി. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലിസ് റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധത്തിനിടെ എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനെയും കസ്റ്റഡിയിലെടുത്തു. സിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്. അതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസ് എംപിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് പൊലിസ് വാഹനത്തിൽ കയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതിഷേധക്കാരെ നേരിടാൻ പൊലിസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിൽ പ്രതിഷേധത്തിന്റെ നേതൃത്വം നിലനിർത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.